Thursday, May 13, 2010

പ്ലേബോയിയിലെ സി.ഇ.ഒ

ലോകത്തെ ഏറ്റവും ധനാഢ്യരായ വ്യക്തികളെയും സ്വാധീനശക്തിയുള്ള വ്യക്തികളെയും തിരഞ്ഞെടുക്കുമ്പോള്‍, അതിലുള്‍പ്പെടുന്ന ഇന്ത്യക്കാര്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് ചൂടുള്ള വാര്‍ത്തയാണ്. എന്നാല്‍ രശ്മി സിന്‍ഹ ഈ പട്ടികകളിലൊന്നും ഇടം തേടാതെയാണ് ചൂടന്‍ വാര്‍ത്തയിലിടം പിടിച്ചത്. അമേരിക്കയിലെ സെക്‌സിയസ്റ്റ് സ്ഥാപന മേധാവികളെ തിരഞ്ഞെടുത്തപ്പോഴാണ് അതില്‍ രശ്മി സ്ഥാനം പിടിച്ചത്. സ്ത്രീകളുടെ സൗന്ദര്യം വിഷയമാക്കിയ ഈ തിരഞ്ഞെടുപ്പ് നടത്തിയതാകട്ടെ, ലോകത്തെ ഏറ്റവും പ്രശസ്തമായ അഡല്‍റ്റ് മാസിക പ്ലേബോയിയും.
സ്ലൈഡ്‌ഷെയര്‍ എന്ന വെബ്ഡിസൈനര്‍ വെബ്‌സൈറ്റിന്റെ സി.ഇ.ഒയാണ് രശ്മി. സ്ഥാപനമേധാവികളുടെ സൗന്ദര്യവും ബിസിനസ് രംഗത്തെ പ്രാവീണ്യവുമാണ് പ്ലേബോയ് തിരഞ്ഞെടുപ്പിന് ആധാരമാക്കിയത്. അടിവസ്ത്ര വില്പന ശൃംഖലയായ ജേര്‍ണെലിന്റെ ക്ലയര്‍ ചേംബേഴ്‌സ്, ഫിറ്റ്‌നസ് സ്ഥാപനമായ ഫഌറ്റി ഗേള്‍ ഫിറ്റ്‌നസിന്റെ കെറി നീ, ലൈഫ് വേ ഫുഡ്‌സിന്റെ ജൂലി സ്‌മോള്യാന്‍സ്‌കി, ഗ്രാസ്പര്‍ വീഡിയോ സൈറ്റിന്റെ തെരേസ ഫിലിപ്‌സ്, വൈന്‍ ഷോപ്പിങ് സ്ഥാപനമായ ബോട്ടില്‍നോട്‌സിന്റെ അലീസ റാപ്, അഡല്‍റ്റ് സിനിമാ കമ്പനിയായ ഫെം പ്രൊഡക്ഷന്‍സിന്റെ കാന്‍ഡിഡ റോയല്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ കണ്‍സര്‍ട്ട് മീഡിയയുടെ അലീഷ് മോര്‍ഗ, വിക്ടോറിയ സീക്രട്ട് ചെയിനിന്റെ ഷാരണ്‍ ടേണി, ബുസ് മാര്‍ക്കറ്റിങ് ഗ്രൂപ്പിന്റെ ടിന വെല്‍സ് എന്നിവരാണ് രശ്മിയ്‌ക്കൊപ്പം പ്ലേബോയിയുടെ പട്ടികയില്‍ ഇടം നേടിയത്. ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് രശ്മി.
വെബ് ഷയറിങ് രംഗത്തേയ്ക്ക് യാദൃച്ഛികമായാണ് രശ്മിയുടെ വരവ്. ഉത്തര്‍പ്രദേശിലെ അലഹബാദുകാരിയായ രശ്മി ബ്രൗണ്‍ സര്‍വകലാശാലയില്‍നിന്ന് ന്യൂറോസയന്‍സില്‍ പി.എച്ച്ഡി ബിരുദധാരിയാണ്. 1998ല്‍ പി.എച്ച്ഡി പഠനത്തിനായി അമേരിക്കയിലെത്തിയ അവര്‍ പിന്നീട് അവിടെത്തന്നെ തുടര്‍ന്നു. അമേരിക്കയിലെ സുന്ദരികളായ പത്ത് സ്ഥാപനമേധാവികളിലൊലാരായി തിരഞ്ഞെടുത്തിരിക്കുന്നുവെന്ന സന്ദേശം ലഭിച്ചപ്പോള്‍ ആദ്യം അതുള്‍ക്കൊള്ളാനായില്ലെന്ന് രശ്മി പറയുന്നു. ഒന്നാമത്തെ കാര്യം അത് ലഭിച്ചത് പ്ലേബോയിയില്‍നിന്നാണെന്നതു തന്നെ. സൗന്ദര്യംകൊണ്ടല്ല തന്റെ കരിയര്‍ താന്‍ രൂപപ്പെടുത്തിയതെന്ന് രശ്മിയൊട്ട് വിശ്വസിക്കുന്നുമില്ല.
പി.എച്ച്ഡി പൂര്‍ത്തിയാക്കിയശേഷമാണ് വെബ് ലോകം രശ്മിയെ കീഴടക്കിയത്. മനുഷ്യരും കമ്പ്യൂട്ടറുകളുമായുള്ള ഇടപഴകല്‍ മനസ്സിലാക്കലായി അടുത്ത ശ്രമം. ഈ വിഷയത്തില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഗവേഷണം ആരംഭിച്ച് രശ്മി ആദ്യം ഉസാന്റോ എന്ന പേരില്‍ കണ്‍സള്‍ട്ടിങ് സ്ഥാപനം ആരംഭിച്ചു. കസ്റ്റമര്‍ റിസര്‍ച്ചിന് സഹായിക്കുന്ന മൈന്‍ഡ്കാന്‍വാസ് എന്ന സോഫ്റ്റ്‌വേറാണ് രശ്മിയെ ഈ രംഗത്ത് പ്രശസ്തയാക്കിയത്. ഭര്‍ത്താവ് ജോണ്‍ പട്ടേലുമായി ചേര്‍ന്ന് 2007ലാണ് സ്ലൈഡ്‌ഷെയര്‍ എന്ന വെബ്‌സൈറ്റ് ആരംഭിച്ചത്.
യാദൃശ്ചികമായാണ് താന്‍ ബിസിനസ് രംഗത്തെത്തിയതെന്ന് രശ്മി പറയുന്നു. പത്രപ്രവര്‍ത്തകയാകുകയായിരുന്നു ആദ്യ ലക്ഷ്യം. പിന്നീട് ലബോറട്ടറി റിസര്‍ച്ചിലായി ശ്രദ്ധ. ഒടുവില്‍ വെബ് ലോകത്തേയ്ക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു അവര്‍. ഇന്ന് സ്ലൈഡ്‌ഷെയര്‍ ലോകത്തെ ഏറ്റവും പ്രശസ്തമായ വെബ്‌ഷെയറിങ് സൈറ്റുകളിലൊന്നാണ്. ഇന്റര്‍നെറ്റ് ബിസിനസ് രംഗത്തെ വഴികാട്ടികളിലൊരാളായാണ് ഇ-ലോകം രശ്മിയെ കാണുന്നത്. ലോകമെമ്പാടും സെമിനാറുകളിലും മറ്റും അവര്‍ ക്ലാസ്സുകളെടുക്കുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയ്ക്ക് പുറമെ ന്യൂഡല്‍ഹിയിലും രശ്മിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നു.

ഒരുദിവസം, ഒരുവാക്ക്

ഒരു വാക്കിന് എത്രത്തോളം ശക്തിയുണ്ട്. ഒരു ദിവസം ഒരു പുതിയ വാക്ക് ജീവിതത്തിലെ വിരസതയെ നീക്കുമെന്ന് അമേരിക്കന്‍ പത്രമായ വാള്‍സ്ട്രീറ്റ് ജേണല്‍ വിലയിരുത്തുന്നു. ജീവിതത്തിന് ഓരോ ദിവസവും ഭാഷയിലൂടെ പുതുമ നല്‍കുക. വേര്‍ഡ്‌സ്മിത്ത് എന്ന വെബ്‌സൈറ്റിന് തുടക്കമിടുമ്പോള്‍ അനു ഗാര്‍ഗിന്റെ മനസ്സില്‍ ഇതായിരുന്നു ലക്ഷ്യം. 1994-ല്‍ എ വേര്‍ഡ് എ ഡേ(അവാദ്) എന്ന സൈറ്റ് ലോകത്തെ പദസ്‌നേഹികള്‍ക്കായി അനു ഗാര്‍ഗ് സമര്‍പ്പിച്ചു. അന്നുതൊട്ടിന്നോളം wordsmith.org എന്ന വെബ്‌സൈറ്റിന് ആരാധകര്‍ ഏറിവന്നു.
അനു ഗാര്‍ഗ് സ്ഥാപിച്ച വെബ്‌സൈറ്റിനെത്തേടി ഇതിനകം എണ്ണമറ്റ പുരസ്‌കാരങ്ങളെത്തി. 2000 മെയില്‍ യു.എസ്.എ ടുഡേ ഏറ്റവും ജനപ്രീതിയുള്ള സൈറ്റായി ഇതിനെ തിരഞ്ഞെടുത്തു. 1996 മെയില്‍, യാഹു ആഴ്ചയിലെ ഏറ്റവും മികച്ച വെബ്‌സൈറ്റായി വേര്‍ഡ്‌സ്മിത്തിനെ അംഗീകരിച്ചു. സ്‌നാപ്പ് ഓണ്‍ലൈന്‍, നെറ്റ്ഗിവര്‍, മഗെല്ലന്‍ ഫോര്‍ സ്റ്റാര്‍, ലുക്ക് സ്മാര്‍ട്ട് എഡിറ്റേഴ്‌സ് ചോയ്‌സ്, എജ്യുക്കേഷന്‍ വേള്‍ഡിന്റെ മികച്ച എജ്യുക്കേഷന്‍ വെബ്‌സൈറ്റ്...അനു ഗാര്‍ഗിന്റെ ശ്രമം എത്രത്തോളം വിലമതിക്കപ്പെട്ടുവെന്ന് ഈ പുരസ്‌കാരങ്ങള്‍ തെളിയിക്കുന്നു.
വേര്‍ഡ്‌സ്മിത്തില്‍ സൗജന്യമായും പണം കൊടുത്തും ഓണ്‍ലൈന്‍ വരിക്കാരാകാം. ദിവസേന ഇ-മെയ്‌ലിലൂടെ ഓരോ വാക്കുകള്‍ നിങ്ങളെത്തേടിയെത്തും. പ്രതിദിന മെയ്‌ലുകള്‍ അയക്കുന്ന സൈറ്റുകളില്‍ ഏറ്റവും സ്വീകാര്യതയുള്ള ഒന്നായാണ് വേര്‍ഡ്‌സ്മിത്ത് പരിഗണിക്കപ്പെടുന്നത്. വാക്കുകളുടെ തിരഞ്ഞെടുപ്പിലും അവതരണത്തിലും സ്ഥിരത പുലര്‍ത്തുന്നുവെന്നതാണ് വേര്‍ഡ്‌സ്മിത്തിനെ ജനപ്രിയ സൈറ്റാക്കുന്നത്. ഓരോ വാക്കുകളും അയക്കുമ്പോള്‍, അതിന്റെ അര്‍ഥം, ഉച്ചാരണം, ഉത്ഭവം, ഉപയോഗ രീതി, വാക്കുപയോഗിച്ചുള്ള ചിന്താവിഷയം എന്നിങ്ങനെ വിശാലമായ ലോകമാണ് വേര്‍ഡ്മിത്ത് പകര്‍ന്നുകൊടുക്കുന്നത്. ഓരോ ആഴ്ചയും ഓരോ പ്രമേയത്തെ ആധാരമാക്കിയാണ് സൈറ്റ്.
ഭാഷാ സ്‌നേഹിയെന്ന നിലയ്ക്കാണ് പ്രശസ്തിയെങ്കിലും അനു ഗാര്‍ഗ് യഥാര്‍ഥത്തില്‍ അങ്ങനെയൊരാളല്ല. ഉത്തര്‍പ്രദേശിലെ ഉള്‍ഗ്രാമത്തില്‍ ജനിച്ചു. ഹിന്ദി മാത്രമറിയാവുന്ന കുട്ടിക്കാലം. പിന്നീട് കാണ്‍പുരിലെ ഹാര്‍ഡ്‌കോര്‍ട്ട് ബട്ട്‌ലര്‍ ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം. സ്‌കോളര്‍ഷിപ്പ് ലഭിച്ചതിലൂടെ കേയ്‌സ് വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തര ബിരുദ പഠനത്തിനായാണ് അനു അമേരിക്കയിലെത്തിയത്. 199 മാര്‍ച്ചില്‍ ഇവിടെ വിദ്യാര്‍ഥിയായിരിക്കെയാണ് വേര്‍ഡ്‌സ്മിത്ത് എന്ന വെബ്‌സൈറ്റ് ആരംഭിച്ചത്. സുഹൃത്തുക്കള്‍ക്കും സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും ദിവസേന അപ്രശസ്തമായ ഒരു വാക്ക് ഇ-മെയ്ല്‍ ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. കുളിര്‍തെന്നലെന്ന് അര്‍ഥമുള്ള 'Zephyr' എന്ന വാക്കാണ് അനു ആദ്യമായി മെയ്ല്‍ ചെയ്തത്. പിന്നീട് വാക്കുകളുടെ കൊടുങ്കാറ്റ് തീര്‍ക്കുന്ന സംരംഭമായി അത് മാറി. ഇപ്പോള്‍, ഇരുനൂറിലേറെ രാജ്യങ്ങളില്‍ വേര്‍ഡ്‌സ്മിത്തിന് ആരാധകരുണ്ട്. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചവരെ നീളുന്ന അധ്വാനമായിരുന്നു ഓരോരുത്തര്‍ക്കും മെയ്ല്‍ അയക്കുകയെന്നത്. സൈബര്‍ ലോകം വികസിച്ചതോടെ അനുവിന്റെ അധ്വാനം ഏറെ ലളിതമായി.
1996ല്‍ എ.ടി.ആന്‍ഡ് ടി ലാബില്‍ ഇന്റര്‍നെറ്റ് കണ്‍സള്‍ട്ടന്റായി കരിയറിന് തുടക്കമിട്ട അനു 2002 വരെ അവിടെ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പ്രഭാഷകനും എഴുത്തുകാരനുമായി ജീവിക്കുന്ന അനുവിന് തുണയായി ഭാര്യ ശ്രുതി ഗാര്‍ഗുമുണ്ട്. അവാദിലെ ഉച്ചാരണവിഭാഗം കൈകാര്യം ചെയ്യുന്നത് ശ്രുതിയാണ്. സിയാറ്റിലിലാണ് അനുവും കുടുംബവും താമസിക്കുന്നത്.



Sunday, December 7, 2008

ഹോളിവുഡിലെ ഇന്ത്യന്‍ പ്രതീക്ഷ

ഹോളിവുഡിലെ ഏറ്റവുമൊടുവിലത്തെ ഇന്ത്യന്‍ സാന്നിദ്ധ്യമാണ്‌ സമ്മര്‍ ബിഷില്‍. ഹോളിവുഡിലെ വരുംകാല സൂപ്പര്‍നായികമാരിലൊരാളെന്ന്‌ ഇതിനകം പ്രകീര്‍ത്തിക്കപ്പെട്ട ബിഷിലിന്‌ ഒട്ടേറെ ഓഫറുകളാണ്‌ വരുന്നത്‌. അതും പ്രശസ്‌തരായ സംവിധായകരില്‍നിന്ന്‌. ചുരുങ്ങിയകാലം കൊണ്ട്‌ മികച്ച അഭിനേത്രിയെന്ന്‌ പേരെടുക്കാന്‍ കഴിഞ്ഞ ബിഷില്‍ ഏറെ ശ്രദ്ധയോടെയാണ്‌ റോളുകള്‍ തിരഞ്ഞെടുക്കുന്നതും.

അച്ഛന്‍ വഴിയാണ്‌ ബിഷിലിന്‌ ഇന്ത്യയുമായുള്ള ബന്ധം. കാലിഫോര്‍ണിയയിലെ പസാഡെനയില്‍ 1988 ജൂലായ്‌ 17ന്‌ ജനിച്ച ബിഷിലിന്റെ അമ്മ അമേരിക്കക്കാരിയാണ്‌. ബാങ്കുടമയായ അച്ഛനൊപ്പം കുടുംബം മൂന്നാം വയസ്സില്‍ സൗദിയിലെത്തിയതോടെ ബിഷിലിന്റെ കുട്ടിക്കാലം ഗള്‍ഫ്‌ നാടുകളിലായി. പിന്നീട്‌ കുടുംബം ബഹ്‌റൈനിലേക്ക്‌ മാറി. പതിനാലാം വയസ്സുവരെ ബിഷില്‍ പഠിച്ചത്‌ ബഹ്‌റൈനിലാണ്‌. അവിടെ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിനുകീഴിലുള്ള സ്‌കൂളിലായിരുന്നു പഠനം.
2002 സപ്‌തംബര്‍ 11ന്‌ അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന്‌ കുടുംബത്തിന്‌ അമേരിക്കയിലേക്ക്‌ തിരികെപ്പോരോണ്ടിവന്നതോടെയാണ്‌ ബിഷിലിന്റെ ജീവിതം മാറിമറിയുന്നത്‌. സുരക്ഷാ കാരണങ്ങളാല്‍ ബിഷിലിന്റെ സ്‌കൂള്‍ അടച്ചുപൂട്ടിയതോടെ കുടുംബം അമേരിക്കയിലേക്ക്‌ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ തന്നെ അഭിനയലോകത്തോട്‌ അഭിനിവേശമുണ്ടായിരുന്ന ബിഷിലിന്‌ ലോസ്‌ ആഞ്ചലീസില്‍ തിരിച്ചെത്തിയതോടെ കൂടുതല്‍ സാധ്യതകള്‍ തെളിഞ്ഞുകിട്ടി.

പതിനാലാം വയസ്സില്‍ അഭിനയപാഠങ്ങള്‍ പഠിക്കാന്‍ തുടങ്ങിയ ബിഷിലിന്‌ താമസിയാതെ ആദ്യാവസരം കൈവന്നു. ജസ്റ്റ്‌ ഫോര്‍ കിക്‌സ്‌ എന്ന കുട്ടികളുടെ പരിപാടിയിലായിരുന്നു അരങ്ങേറ്റം. പിന്നാലെ വേറെയും കുട്ടികളുടെ പരിപാടികളില്‍ അവസരം കിട്ടി. ടെലിവിഷന്‍ പരമ്പരയായ ഹന്ന മൊണ്ടാനയിലെയും ഡിസ്‌നി ചാനലില്‍ വന്ന റിട്ടേണ്‍ ടു ഹാലോവീന്‍ടൗണ്‍ എന്ന സിനിമയിലെയും അഭിനയം ബിഷിലിനെ ശ്രദ്ധേയയാക്കി. ഈ പ്രകടനങ്ങള്‍ നിരീക്ഷിച്ച പ്രശസ്‌ത സംവിധായകനായ അലന്‍ ബാള്‍ തന്റെ പുതിയ സിനിമയായ ടവല്‍ഹെഡിലെ നായികയാവാന്‍ ബിഷിലിനെ ക്ഷണിച്ചു. അമേരിക്കന്‍ ബ്യൂട്ടിയെന്ന സിനിമയിലൂടെ മികച്ച തിരക്കഥയ്‌ക്കുള്ള ഓസ്‌കര്‍, ബാഫ്‌ത പുരസ്‌കാരങ്ങള്‍ നേടിയയാളാണ്‌ ബാള്‍.

കൗമാരത്തിലേക്ക്‌ കടക്കുന്ന അറബ്‌-അമേരിക്കന്‍ വംശജയായ പെണ്‍കുട്ടി അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്‌നങ്ങളാണ്‌ ടവല്‍ഹെഡിന്റെ വിഷയം. ലെബനന്‍കാരനായ അച്ഛന്റെ കര്‍ശന നിയന്ത്രണത്തില്‍ ഹൂസ്റ്റണ്‍ നഗരത്തില്‍ ജീവിക്കുന്ന 13കാരിയായ ജാസിറ മറൗണ്‍ എന്ന കഥാപാത്രമായിരുന്നു ബിഷിലിന്റേത്‌. അച്ഛനമ്മമാരുടെ വേര്‍പിരിയലും അനാഥത്വവും വംശീയ അധിക്ഷേപവുമൊക്കെ സഹിക്കുന്ന പെണ്‍കുട്ടിയെ ബിഷില്‍ ഭദ്രമാക്കി. ബിഷിലിന്‌ 17 വയസ്സുള്ളപ്പോഴാണ്‌ ഈ സിനിമയിലേക്ക്‌ ക്ഷണം കിട്ടുന്നത്‌. അഭിനയിക്കുന്നത്‌ ഇരുപതാം വയസ്സിലും. എന്നിട്ടും പെണ്‍കുട്ടിയുടെ ആകുലതകള്‍ തനിമയോടെ അവതരിപ്പിച്ച ബിഷിലിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. ഇക്കൊല്ലമാണ്‌ ടവല്‍ഹെഡ്‌ പുറത്തിറങ്ങിയത്‌. കഴിഞ്ഞ വര്‍ഷത്തെ ടൊറന്റോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ബിഷിലിന്റെ പ്രകടനം ഏറെ കൈയടി നേടി.

ടവല്‍ഹെഡിനുശേഷം കുടിയേറ്റക്കാരുടെ കഥപറഞ്ഞ ക്രോസിങ്‌ ഓവറിലേക്ക്‌ ബിഷില്‍ തിരഞ്ഞെടുക്കപ്പെട്ടു. വെയ്‌ന്‍ ക്രാമര്‍ സംവിധാനം ചെയ്‌ത ഹാരിസണ്‍ ഫോര്‍ഡ്‌ നായകനായുള്ള സിനിമയില്‍ തസ്‌ലീമ ജഹാംഗിര്‍ എന്ന കഥാപാത്രത്തെയാണ്‌ ബിഷില്‍ അവതരിപ്പിക്കുന്നത്‌. ഈ ചിത്രം ഡിസംബറില്‍ റിലീസ്‌ ചെയ്യാനിരിക്കുകയാണ്‌. 

Tuesday, May 13, 2008

അമ്രപാലിയുടെ ചുവടുകള്‍

നൃത്തമാണ്‌ അമ്രപാലി അമ്പഗാവ്‌ക്കറിന്റെ ജീവിതം നിറയെ. അമ്മയുടെ ചുവടുവെയ്‌പ്പുകള്‍ കണ്ട്‌ പിച്ചവെച്ചു തുടങ്ങിയതാണ്‌ അമ്രപാലി. കഥക്‌ നര്‍ത്തകിയായ അഞ്‌ജനി അമ്പഗാവ്‌ക്കറിന്റെ മകള്‍ പതുക്കെ അമ്മയുടെ ചുവടുവെയ്‌പുകളെ അനുകരിച്ചുതുടങ്ങി. കലാപാരമ്പര്യം രക്തത്തിലലിഞ്ഞ അമ്രപാലി വളര്‍ന്നപ്പോള്‍ അമ്മയെ മികച്ചുനില്‍ക്കുന്ന കലാകാരിയായി. അമ്മ കഥക്കില്‍ ഒതുങ്ങിനിന്നപ്പോള്‍ ഫ്‌ളമെംഗോയും ഹിപ്‌ ഹോപ്പും മോഡേണ്‍ ഡാന്‍സുമൊക്കെ അമ്രപാലിയുടെ നൃത്തലോകത്ത്‌ നിറഞ്ഞുനിന്നു. ഒപ്പം കഥക്കും.വിവിധ നൃത്തരൂപങ്ങളുടെ വൈരുദ്ധ്യമാണ്‌ അവരെ സ്വാധീനിച്ചത്‌. കഥക്കിന്റെയും മറ്റ്‌ നൃത്തരൂപങ്ങളുടെയും സമന്വയം തീര്‍ത്ത അമ്രപാലി പുതിയ ആസ്വാദകരുടെ പ്രിയപ്പെട്ട നര്‍ത്തകിയായി. ഏറ്റവും മികച്ച കഥക്‌ നര്‍ത്തകരിലൊരാളെന്ന പേരും അവര്‍ സമ്പാദിച്ചു.
അമ്രപാലിയുടെ ലോകം നൃത്തത്തില്‍ മാത്രമൊതുങ്ങുന്നില്ല. സിനിമയും ടെലിവിഷനും നാടകവും ഒക്കെ നിറഞ്ഞ അതിവിശാലമായ ലോകമാണ്‌ അവരുടേത്‌. ന്യുയോര്‍ക്കില്‍ അഞ്‌ജനി രൂപം നല്‍കിയ അഞ്‌ജനീസ്‌ കഥക്‌ ഡാന്‍സ്‌ ഓഫ്‌ ഇന്ത്യ കമ്പനിയുടെ അസിസ്റ്റന്‍ഡ്‌ ഡയറക്ടരുമാണ്‌ 25കാരിയായ അമ്രപാലി ഇന്ന്‌.
അമ്രപാലിയുടെ അമ്മ അഞ്‌ജനി ലോകമറിയുന്ന കഥക്‌ നര്‍ത്തകിയാണ്‌. ഗുജറാത്തിലെ വഡോദരക്കാരിയായ അഞ്‌ജനി 20 വര്‍ഷത്തോളം പണ്ഡിറ്റ്‌ സുന്ദര്‍ലാല്‍ ഗംഗാനിയുടെ കീഴില്‍ കഥക്‌ അഭ്യസിച്ചു.1967ല്‍ അമേരിക്കയിലെത്തിയ അവര്‍ ലോസ്‌ ആഞ്‌ജലീസില്‍ സുന്ദര്‍ കലാ കേന്ദ്ര ഡാന്‍സ്‌ സ്‌കൂള്‍ സ്ഥാപിച്ചു.വഡോദരയിലെ എം.എസ്‌ സര്‍വകാലാശാലയില്‍നിന്ന്‌ കഥക്കില്‍ ബിരുദാനന്തര ബിരുദം നേടിയാണ്‌ അവര്‍ അമേരിക്കയിലെത്തിയത്‌. പിന്നീട്‌ ഷിക്കാഡോയിലെ കെല്ലര്‍ മാനേജ്‌മെന്റ്‌ സ്‌കൂളില്‍നിന്ന്‌ എം.ബി.എയും കരസ്ഥമാക്കി.നാഷണല്‍ ഹെറിറ്റേജ്‌ അവാര്‍ഡുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ അവരെതേടിയെത്തിയിട്ടുണ്ട്‌.ഇന്ന്‌ അഞ്‌ജനീസ്‌ കഥക്‌ ഡാന്‍സി ഓഫ്‌ ഇന്ത്യയുടെ ചുക്കാന്‍ പിടിക്കുന്നതിനുപുറമെ, ഒട്ടേറെ സര്‍വകലാശാലകളിലും അവര്‍ കഥക്‌ അഭ്യസിപ്പിക്കുന്നു.
അമ്മയ്‌ക്കൊപ്പം പതിനൊന്നാം വയസ്സുമുതല്‍ അമേരിക്കയിലെമ്പാടും നുത്ത പരിപാടികളില്‍ പങ്കെടുത്തു തുടങ്ങിയ അമ്രപാലി 13-ാം വയസ്സില്‍ കഥക്‌ ഡാന്‍സ്‌ ഓഫ്‌ ഇന്ത്യയുടെ പ്രധാന നര്‍ത്തകരിലൊരാളായി. സ്‌കൂള്‍ കാലത്ത്‌ അമ്രപാലി കഥക്കിനെ തന്റെ കരിയറായി തിരഞ്ഞെടുത്തിരുന്നില്ല. എന്നാല്‍ മകളുടെ കഴിവുകളില്‍ അമ്മയ്‌ക്ക്‌ പൂര്‍ണ ബോധ്യമുണ്ടായിരുന്നു. കോളേജിലെത്തിയപ്പോഴേക്കും അമ്രപാലിയും തന്റെ ജീവിതത്തിന്റെ പ്രധാനഭാഗം കഥക്കാണെന്ന്‌ തിരിച്ചറിഞ്ഞു. ലോസ്‌ ആഞ്‌ജലീസിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ കാലിഫോര്‍ണിയയില്‍നിന്ന്‌ ലോക കലകളും സംസ്‌കാരവും എന്ന വിഷയത്തില്‍ ബിരുദം നേടിയതോടെ കഥക്കിനെ ഗൗരവത്തോടെ സമീപിച്ച അമ്രപാലിയുടെ ജീവിതം പിന്നീട്‌ കലാലോകത്ത്‌ മാത്രമായി. 1995ല്‍ അമേരിക്കയിലെ പ്രശസ്‌തമായ മ്യൂസിക്‌ സെന്റര്‍ സ്‌പോട്ട്‌ലൈറ്റ്‌ അവാര്‍ഡിന്റെ ഫൈനലിലെത്തിയ രണ്ടുപേരിലൊരാളായി അവര്‍ മാറി. ഇന്നും മറ്റൊരു ഇന്ത്യന്‍ നര്‍ത്തകിയ്‌ക്കും സാധിക്കാത്ത നേട്ടം.
നൃത്തത്തെ വലിയ ലക്ഷ്യമായി കാണുന്ന അമ്രപാലിയും അമ്മയും പാരമ്പര്യ കഥക്കിനെ വിദേശത്ത്‌ സുപരിചിതമാക്കുന്നതിനുള്ള തീവ്ര യത്‌നത്തിലാണ്‌. ഇന്ത്യയുടെ തനത്‌ ശാസ്‌ത്രീയ നൃത്ത രൂപങ്ങളെ പ്രചരിപ്പിക്കുകയാണ്‌ തന്റെ ലക്ഷ്യമെന്ന്‌ അമ്രപാലി പറയുന്നു. ഓരോ കലാകാരന്മാര്‍ക്കും അവരുടെ ജീവിതത്തില്‍ ഒരു നിയോഗമുണ്ടെന്ന്‌ കരുതുന്ന അമ്രപാലി തന്റേത്‌ കഥക്കിന്റെ ജനകീയ വത്‌കരണമാണെന്ന്‌ വിശ്വസിക്കുന്നു. കലാകാരന്മാര്‍ക്ക്‌ ഏറെ പ്രാധാന്യം കല്‍പിക്കുന്ന അമേരിക്കന്‍ നഗരങ്ങളായ ലോസ്‌ ആഞ്‌ജലീസിലെയും ന്യുയോര്‍ക്കിലെയും ഷിക്കാഗോയിലെയും കലാ നിരൂപകരില്‍നിന്നുള്ള വിമര്‍ശം പോലും അംഗീകാരമാണെന്നും അവര്‍ പറയുന്നു. ലോസ്‌ ആഞ്‌ജലീസ്‌ ടൈംസ്‌ ഒരിക്കല്‍ അമ്രപാലിയെ വിശേഷിപ്പിച്ചത്‌ ഏറ്റവും മികച്ച കഥക്‌ നര്‍ത്തകി എന്നാണ്‌.
മോണ്‍ട്രിയലിലെ പ്രശസ്‌തമായ തിയറ്റര്‍ ഗ്രൂപ്പായ സെര്‍ക്ക്‌ ഡൂ സൗലി (സര്‍ക്കസ്‌ ഓഫ്‌ ദ സണ്‍) ഡ്രാലിയണ്‍ എന്ന നൃത്ത നാടകത്തില്‍ അമ്രപാലിയെ അവരുടെ പ്രധാന നര്‍ത്തകിയാക്കുമ്പോള്‍ അവര്‍ക്ക്‌ 21 വയസ്സുമാത്രമായിരുന്നു പ്രായം.ഡ്രാലിയനുവേണ്ടി അമ്രപാലി കഥക്കിന്റെയും ഫ്‌ളെമംഗോയുടെയും സമന്വയത്തിലൂടെ ഓഷ്യന്‍-ദ എലമെന്റ്‌ ഓഫ്‌ വാട്ടര്‍ എന്ന ന#ത്തരൂപം തയ്യാറാക്കി. 2001 മുതല്‍ക്ക്‌ രണ്ടു വര്‍ഷം 750ലേറെ സ്‌റ്റേജുകളില്‍ ഇതവതരിപ്പിക്കപ്പെട്ടു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി സെര്‍ക്ക്‌ ഡൂ സൗലിയുമായുള്ള സഹകരണത്തെ അമ്രപാലി കാണുന്നു. ഇതിനുശേഷമാണ്‌ നൃത്തത്തിനൊപ്പം മറ്റ്‌ കലാലോകങ്ങെളക്കുറിച്ച്‌ അമ്രപാലി കാര്യമായി ചിന്തിക്കുന്നത്‌. സൗന്ദര്യ മത്സരങ്ങളായിരുന്നു ആദ്യ പരീക്ഷണം. മിസ്‌ ഏഷ്യന്‍ അമേരിക്ക, മിസ്‌ ഇന്ത്യ യു.എസ്‌.എ, മിസ്‌ ഇന്ത്യ നോര്‍ത്ത്‌ അമേരിക്ക തുടങ്ങിയ പുരസ്‌കാരങ്ങള്‍ അവര്‍ സ്വന്തമാക്കി. ഇപ്പോള്‍ സൗന്ദര്യ മത്സരാര്‍ഥികള്‍ക്ക്‌ പരിശീലനം നല്‍കാനും അമ്രപാലി തയ്യാറാകുന്നു.
സിനിമാലോകത്ത്‌ ഇന്ത്യയില്‍ അമ്രപാലി സുപരിചിതയായത്‌ രാം ഗോപാല്‍ വര്‍മയുടെ അന്തരാ മാലി-അഭിഷേക്‌ ബച്ചന്‍ സിനിമ നാച്ചിന്റെ നൃത്ത സംവിധായിക എന്ന നിലയിലാകും. സഞ്‌ജയ്‌ ലീലാ ബന്‍സാലിയുടെ സൂപ്പര്‍ ഹിറ്റ്‌ സിനിമ ദേവദാസിയില്‍ അമ്രപാലി നൃത്തം ചെയ്‌തിട്ടുണ്ട്‌. എക്‌സ്‌ട്രാ ഓര്‍ഡിനറി ബാരി,ഒറിജിന്‍ ഓഫ്‌ ഓം എന്നീ സിനിമകളില്‍ വേഷമിട്ടു.അമേരിക്കന്‍ ബ്ലെന്‍ഡ്‌, ഡീറേഞ്ച്‌ഡ്‌ മാരേജസ്‌ എന്നീ സിനിമകളുടെ നൃത്ത സംവിധായികയുമായി. ന്യുയോര്‍ക്കിലാണ്‌ അമ്രപാലിയും അഞ്‌ജനിയും താമസിക്കുന്നത്‌.

Monday, May 5, 2008

ഇന്ത്യയുടെ ഡൂഗി ഫൗസര്‍

ഒമ്പതാഴ്‌ചകളില്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുക. പത്താം വയസ്സില്‍ പ്രിന്‍സ്‌ടണ്‍ സര്‍വകലാശാലയില്‍നിന്ന്‌ ബിരുദം നേടുക.പതിനാലാം വയസ്സില്‍ മെഡിക്കല്‍ ബിരുദം കരസ്ഥമാക്കി അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറാവുക. ഡൂഗി ഹൗസര്‍ എം.ഡി എന്ന അത്ഭുതബാലന്റെ കഥയാണിത്‌.സ്‌റ്റീവന്‍ ബോക്കോയും ഡേവിഡ്‌ ഇ കെല്ലിയും ചേര്‍ന്ന സൃഷ്ടിച്ച, നീല്‌ പാട്രിക്‌ ഹാരിസ്‌ നായകനായ ടെലിവിഷന്‍ പരമ്പരയായിരുന്നു ഡൂഗി ഫൗസര്‍ എം.ഡി. എ.ബി.സി ചാനലില്‍ 1989 മുതല്‍ 1993 വരെ സംപ്രേഷണം ചെയ്‌ത പരമ്പര പ്രമേയത്തിന്റെ അസാധാരണത്വം കൊണ്ടുതന്നെ അതിവേഗം സൂപ്പര്‍ഹിറ്റായി.

എന്നാല്‍, ന്യുയോര്‍ക്ക്‌ സര്‍വകലാശാലയില്‍നിന്ന്‌ 13-ാം വയസ്സില്‍ ബിരുദവും മൗണ്ട്‌ സിനായി സ്‌കൂള്‍ ഓഫ്‌ മെഡിസിനില്‍നിന്ന്‌ 17-ാം വയസ്സില്‍ മെഡിക്കല്‍ ബിരുദവും നേടിയ അമ്പാട്ടി ബാലമുരളി കൃഷ്‌ണ സാങ്കല്‍പ്പിക കഥാപാത്രമല്ല. ഗിന്നസ്‌ റെക്കോഡ്‌ അനുസരിച്ച്‌ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറാണ്‌ ചെന്നൈ സ്വദേശിയായ ഈ അമേരിക്കക്കാരന്‍.ഹാര്‍വാര്‍ഡ്‌ സര്‍വകലാശാലയില്‍നിന്ന്‌ ഒഫ്‌താല്‍മോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയ ബാലമുരളി ജോര്‍ജിയ മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിദഗ്‌ധനാണ്‌.ഒപ്പം അന്ധതയ്‌ക്കെതിരെ പോരാടുന്ന ഓര്‍ബിസ്‌ എന്ന അന്താരാഷ്ട്ര സംരംഭത്തിലെ സന്നദ്ധസേവകനും.ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങളിലൊന്നായ ജോര്‍ജിയ മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസറായി ചുമതലയേല്‍ക്കുമ്പോള്‍ ബാലമുരളിയ്‌ക്ക്‌ പ്രായം 24.

1977 ജൂലായ്‌ 29ന്‌ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ കെമിക്കല്‍ എന്‍ജിനീയറായ അമ്പാട്ടി മുരാരി റാവുവിന്റെയും ഗണിതശാസ്‌ത്ര അധ്യാപികയായ ഗോമതി റാവുവിന്റെയും രണ്ടു മക്കളില്‍ ഇളയവനായി ജനിച്ച ബാലമുരളിയുടെ ജീവിതകഥ അമ്പരപ്പിക്കുന്നതാണ്‌.മൂന്നാം വയസ്സില്‍ കുടുംബത്തോടൊപ്പം ബാല അമേരിക്കയിലെത്തി.

ബാലമുരളിയെക്കാള്‍ ആറുവയസ്സിനു മൂത്തയാളായിരുന്നു ജ്യേഷ്‌ഠന്‍ ജയകൃഷ്‌ണ അമ്പാട്ടി.ചെറിയ ക്ലാസ്സുകളിലെ പാഠങ്ങള്‍ ജയകൃഷ്‌ണയ്‌ക്ക്‌ പറഞ്ഞുകൊടുക്കുമ്പോള്‍ അത്‌ അതിവേഗം ബാലമുരളി ഹൃദിസ്ഥമാക്കുന്നതു കണ്ട അച്ഛനമ്മാര്‍ ബാലയുടെ കഴിവുകള്‍ പരമാവധി ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ സഹപാഠികളെക്കാള്‍ ഇരട്ടി വേഗത്തിലാണ്‌ ബാല പാഠങ്ങള്‍ മറികടന്നത്‌. സ്‌കൂള്‍ അധികൃതരുമായി ഏറെ പോരാട്ടം നടത്തിയശേഷമാണ്‌ റാവുവിന്‌ മകന്റെ അതിവേഗ പഠനം സാധ്യമാക്കാനായത്‌.

ഹൈസ്‌കൂള്‍ കാലത്തുതന്നെ ബാലയും ജ്യേഷ്‌ഠന്‍ ജയകൃഷ്‌ണയും തമ്മിലായി മത്സരം. പ്രായത്തിന്റെ പേരില്‍ പ്രവേശനം നിഷേധിക്കരുതെന്നാണ്‌ അമേരിക്കന്‍ സര്‍വകലാശാലകളിലെ നിയമം. എന്നാല്‍ മെഡിക്കല്‍ പഠനത്തിനായി എത്തുമ്പോള്‍ ബാലമുരളിയ്‌ക്ക്‌ എങ്ങനെ പ്രവേശനം നല്‍കുമെന്ന കാര്യം അധികൃതരെ അമ്പരപ്പിച്ചു. അമേരിക്കയില്‍ അന്ന്‌ മെഡിക്കല്‍ കോളേജുകളില്‍ പഠിച്ചിരുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിയുടെ പ്രായം 17 വയസ്സായിരുന്നു. ഏറെ ശ്രമത്തിനുശേഷം മകന്‌ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കിയ ന്യുയോര്‍ക്ക്‌ സര്‍വകലാശാലയില്‍നിന്ന്‌ 1991ലാണ്‌ ജീവശാസ്‌ത്രത്തില്‍ ബാല ബിരുദം കരസ്ഥമാക്കുന്നത്‌. 1995ല്‍ പതിനേഴാം വയസ്സില്‍ മെഡിക്കല്‍ ബിരുദം.

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറായി മകനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്‌ റാവുവും ഭാര്യയും മകനെ വളര്‍ത്തിയത്‌. മൂന്നാം വയസ്സില്‍ കാലില്‍ തിളച്ച വെള്ളം വീണ്‌ പൊള്ളലേറ്റ്‌ ആസ്‌പത്രിയിലായ ബാലയ്‌ക്ക്‌ ഡോക്ടറാവണമെന്ന ആഗ്രഹം കലശലായി. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറെന്ന ഗിന്നസ്‌ റെക്കോഡ്‌ 18-ാം വയസ്സില്‍ ബിരുദം നേടിയ ഇസ്രയേല്‍കാരിയുടെ പേരിലാണെന്ന അറിവ്‌ ബാലമുരളിയില്‍ അച്ഛനമ്മമാരുടെ പ്രതീക്ഷയേറ്റി. അക്കാര്യം വ്യക്തമാക്കിക്കൊണ്ടായിരുന്നു കോളേജ്‌ അപേക്ഷാ ഫോമുകള്‍ ബാലമുരളി നല്‍കിയതു തന്നെ. ന്യുയോര്‍ക്ക്‌ സര്‍വകലാശാലയില്‍ ബാലമുരളി പഠിക്കാനെത്തുമ്പോള്‍ എ.ബി.സി ചാനലില്‍ ഡൂഗി ഫൗസര്‍ എം.ഡി തകര്‍ത്തോടുന്ന കാലമായിരുന്നു. കോളേജിലെത്തിയ ബാലമുരളിയുടെ വിളിപ്പേര്‌ ഡൂഗി ഫൗസറെന്നാകാന്‍ താമസമുണ്ടായില്ല. എന്നാല്‍ പഠിത്തത്തിരക്കില്‍ ഒരിക്കല്‍പ്പോലും യഥാര്‍ഥ ഡൂഗി ഫൗസറെ കാണാന്‍ ബാലമുരളിയ്‌ക്ക്‌ സാധിച്ചിരുന്നില്ല.

ഒട്ടേറെ സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കിയായിരുന്നു ബാലമുരളിയുടെ പഠനം.വെസ്റ്റിങ്‌ഹൗസ്‌ സയന്‍സ്‌ ടാലന്റ്‌ സെര്‍ച്ച്‌ സ്‌കോളര്‍ഷിപ്പ്‌, നാഷണല്‍ മെറിറ്റ്‌ സ്‌കോളര്‍ഷിപ്പ്‌ എന്നിവ കരസ്ഥമാക്കിയ ബാലമുരളിയ്‌ക്ക്‌ 1995ല്‍ ചെന്നൈയിലെ ശ്രീ രാജ-ലക്ഷ്‌മി ഫൗണ്ടേഷന്റെ അവാര്‍ഡും ലഭിച്ചു.

കോര്‍ണിയ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയിലാണ്‌ നേത്രരോഗവിദഗ്‌ധനായ ബാലമുരളിയുടെ സ്‌പെഷലൈസേഷന്‍.മഹാത്മാ ഗാന്ധിയുടെയും റിച്ചാര്‍ഡ്‌ ഫെയ്‌ന്‍മാന്റെയും ആരാധകനാണ്‌ ബാലമുരളി. ഗണിതശാസ്‌ത്രത്തിലും ശാസ്‌ത്ര വിഷയങ്ങളിലും മികവുകാട്ടുന്ന ഇന്ത്യയിലെ വിദ്യാര്‍ഥികളെ സഹായിക്കാന്‍ അവാസ്‌ക്‌ എന്ന ഫൗണ്ടേഷന്‍ അമ്പാട്ടി കുടുംബം ആരംഭിച്ചിട്ടുണ്ട്‌.

ബാലമുരളി ഡോക്ടറായി രണ്ടു വര്‍ഷത്തിനുശേഷമാണ്‌ ജ്യേഷ്‌ഠന്‍ ജയകൃഷ്‌ണ തന്റെ മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയത്‌. നേത്രരോഗവിദഗ്‌ധനാണ്‌ ജയകൃഷ്‌ണയും. ഒഫ്‌താല്‍മോളജിയില്‍ ഗവേഷണം നടത്തുന്ന ബാലമുരളിയ്‌ക്ക്‌ ഒരു സ്വപ്‌നമുണ്ട്‌. ജ്യേഷ്‌ഠന്‍ ജയകൃഷ്‌ണയ്‌ക്കൊപ്പം വൈദ്യശാസ്‌ത്രത്തില്‍ നോബല്‍ സമ്മാനം പങ്കിടണം. അസാധ്യമായി ഒന്നുമില്ലെന്നു തെളിയിച്ച ബാലമുരളി ഒരുനാള്‍ നോബലിന്‌ അര്‍ഹനാകില്ലെന്ന്‌ ആരു കണ്ടു?.

Friday, April 25, 2008

പദ്‌മയെന്ന സൂപ്പര്‍മോഡല്‍

പദ്‌മ ലക്ഷ്‌മിയെ പെട്ടെന്ന്‌ എല്ലാവരും തിരിച്ചറിയുക ലോകപ്രശസ്‌തനും വിവാദ എഴുത്തുകാരനുമായ സല്‍മാന്‍ റുഷ്‌ദിയുടെ പഴയ ഭാര്യയെന്ന നിലയിലാകും. എന്നാല്‍ അതിനും മുമ്പ്‌ ലോകമെങ്ങുമുള്ള റാമ്പുകളില്‍ പദചലനങ്ങള്‍ക്ക്‌ കോടികള്‍ കൈപ്പറ്റിയിരുന്ന സൂപ്പര്‍ മോഡലായിരുന്നു അവര്‍. പദ്‌മയുടെ അഭിപ്രായത്തില്‍ സൂപ്പര്‍ മോഡല്‍ പദവിയിലേക്കുയര്‍ന്ന ഇന്ത്യക്കാരിയായ ആദ്യ മോഡല്‍. ലോകത്തെവിടെയും സുപരിചിതയായ പദ്‌മ പലപ്പോഴും തന്റെ ജീവിത വിജയത്തിന്‌ അടിസ്ഥാനമായത്‌ അമേരിക്കന്‍ ജീവിതമാണെന്ന്‌ തുറന്നു പറയാറുണ്ട്‌. എന്നാല്‍ മോഡലിങ്ങിനും റുഷ്‌ദിയുടെ പഴയ ഭാര്യയ്‌ക്കുമപ്പുറം ഇന്നവര്‍ പ്രശസ്‌ത ഒരുപക്ഷെ രുചിഭേദങ്ങളിലൂടെ അവര്‍ തീര്‍ത്ത വിസ്‌മയ ലോകത്തിന്റെ പേരിലാകും. പ്രശസ്‌തമായ പാചക ഗ്രന്ഥകാരിയെന്ന നിലയിലേക്കുള്ള രൂപമാറ്റത്തില്‍ പദ്‌മയ്‌ക്ക്‌ സഹായകമായത്‌ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും രുചികളാണ്‌.
മലയാളികളായ അച്ഛനമ്മമാര്‍ക്ക്‌ ജനിച്ച്‌ പിന്നീട്‌ തമിഴ്‌നാട്ടിലെ അപ്പുപ്പന്റെയും അമ്മുമ്മയുടെയും തണലില്‍ വളര്‍ന്ന പദ്‌മ പാര്‍വതി ലക്ഷ്‌മി ഇക്കാലയളവില്‍ സ്വായത്തമാക്കിയ രുചിഭേദങ്ങള്‍ ഇന്ന്‌ പദ്‌മയുടെ പാചകക്കുറിപ്പുകളായി വിറ്റഴിക്കപ്പെടുന്നു. 1970 സപ്‌തംബര്‍ ഒന്നിന്‌ കേരളത്തിലാണ്‌ പദ്‌മയുടെ ജനനം. ഒരു പ്രശസ്‌ത കമ്പനിയില്‍ ഉദ്യേഗസ്ഥനായിരുന്നു അച്ഛന്‍. നഴ്‌സായിരുന്നു അമ്മ വിജയ ലക്ഷ്‌മി. പദ്‌മ ഇവരുടെ ഏകമകളാണ്‌. കുട്ടി ജനിച്ച്‌ ഒരു വര്‍ഷത്തിനകം വിവാഹമോചനം തേടിയ അച്ഛനമ്മമാര്‍ക്കൊപ്പം രണ്ടു വയസ്സുവരെ മാത്രമേ പദ്‌മ ജീവിച്ചിട്ടുള്ളൂ. പദ്‌മയുടെ അച്ഛനും അമ്മയും പിന്നീട്‌ വിവാഹം കഴിച്ചു. പദ്‌മയുടെ അമ്മ ഇന്ന്‌ ആത്മഹത്യാ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്‌.

അച്ഛനമ്മമാരുടെ വേര്‍പിരിയലിനുശേഷം അപ്പുപ്പനും അമ്മുമ്മയ്‌ക്കുമൊപ്പമായിരുന്നു പദ്‌മയുടെ ജീവിതം. 1998നുശേഷം അച്ഛനമ്മമാരെ പദ്‌മ കണ്ടിട്ടുകൂടിയില്ല. 14-ാം വയസ്സിലുണ്ടായ വാഹനാപകടമാണ്‌ പദ്‌മയുടെ കുട്ടിക്കാല ജീവിതത്തിന്റെ ഓര്‍മയായി ഇന്നും നിലനില്‍ക്കുന്നത്‌. മദ്രാസില്‍നിന്ന്‌ കരീബിയന്‍ ദ്വീപുകളിലേക്കുപോയ അപ്പുപ്പനും അമ്മുമ്മയുമായി മാലിബുവിലെ ക്ഷേത്രത്തില്‍നിന്നും മടങ്ങവെ ഉണ്ടായ അപകടത്തില്‍ പദ്‌മയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റു. വോഗ്‌ മാസികയ്‌ക്ക്‌ 2001ല്‍ നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തിലെ മനോഹരമായ ഭ്രമാത്മക ദൃശ്യങ്ങളിലൊന്നായാണ്‌ ആ അപകടത്തെ പദ്‌മ വിശേഷിപ്പിച്ചത്‌.അമേരിക്കയിലെത്തിയ പദ്‌മ ലക്ഷ്‌മി 1992ല്‍ മസാച്ചുസറ്റ്‌സിലെ ക്ലര്‍ക്ക്‌ സര്‍വകലാശാലയില്‍നിന്ന്‌ തിയറ്റര്‍ ആര്‍ട്‌സില്‍ ബിരുദം സ്വന്തമാക്കി.

2004 ഏപ്രില്‍ 17നായിരുന്നു സല്‍മാന്‍ റുഷ്‌ദിയുമായുള്ള പദ്‌മയുടെ വിവാഹം. തന്റെ പാചക ഗ്രന്ഥങ്ങളുടെ പ്രസാധകയായ ടീന ബ്രൗണ്‍ സംഘടിപ്പിച്ച വിരുന്നിനിടെയായിരുന്നു അവരുടെ ആദ്യ സമാഗമം. റുഷ്‌ദിയുടെ സാഹിത്യലോകം പദ്‌മയ്‌ക്ക്‌ അന്നോളം അപരിചിതമായിരുന്നു. എന്നാല്‍ തന്നെക്കുറിച്ച്‌ എല്ലാം റുഷ്‌ദി ആദ്യ ദര്‍ശനത്തില്‍ത്തന്നെ മനസ്സിലാക്കിയിരുന്നതായി പദ്‌മ പറയുന്നു. റുഷ്‌ദി മുഖചിത്രമായി വന്ന ഒരു മാസികയില്‍ പദ്‌മയുമായുള്ള അഭിമുഖവും വന്നിരുന്നു. ആ മാസികയുമായാണ്‌ റുഷ്‌ദി വിരുന്നിനെത്തിയത്‌. യാത്രകളുടെ തിരക്കിലായിരുന്നെങ്കിലും ഫോണ്‍ സംഭാഷണങ്ങളിലൂടെ ഇരുവരും പ്രണയബദ്ധരായി. വിവാഹം കഴിക്കുമ്പോള്‍ റുഷ്‌ദിയ്‌ക്ക്‌ പദ്‌മയുടെ അച്ഛനെക്കാള്‍ ഏഴുവയസ്സുമാത്രമായിരുന്നു ഇളപ്പം. താന്‍ കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും സുന്ദരനും പ്രണയാതുരനുമായ മനുഷ്യനെന്നാണ്‌ റുഷ്‌ദിയെ പദ്‌മ വിശേഷിപ്പിച്ചിരുന്നത്‌.

എന്നാല്‍ ടാബ്ലോയിഡുകള്‍ ഇവരുടെ ജീവിതത്തിലെ ഭിന്നിപ്പുകളെപ്പറ്റി നിരന്തരം കഥകളെഴുതി. അതെല്ലാം സത്യമാണെന്ന ധാരണപരത്തിക്കൊണ്ട്‌ 2007ല്‍ ഇവര്‍ വിവാഹമോചനം നേടി.1990ല്‍ സ്‌പെയിനില്‍വെച്ചാണ്‌ പദ്‌മ ലക്ഷ്‌മിയുടെ മോഡലിങ്‌ കരിയറിന്‌ തുടക്കമാകുന്നത്‌. പാരീസിലും മാഡ്രിഡിലും ന്യുയോര്‍ക്കിലും ഒരേസമയം അവസരങ്ങള്‍ സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ മോഡലായിരുന്നു താനെന്ന്‌ പദ്‌മ അവകാശപ്പെടുന്നു. അതില്‍ വാസ്‌തവം ഇല്ലാതില്ല. ഏതൊരു മോഡലിനെയും കൊതിപ്പിക്കുന്ന രീതിയില്‍ പദ്‌മയുടെ സൗന്ദര്യം കൊണ്ടാടപ്പെട്ടു.ഇമ്മാനുവല്‍ ഉംഗാരോ, റാല്‍ഫ്‌ ലോറന്‍, ആല്‍ബെര്‍ട്ട ഫെറേറ്റി തുടങ്ങിയ അതിപ്രശസ്‌തരായ ഡിസൈനര്‍മാര്‍ക്കൊപ്പം പദ്‌മ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. റോബര്‍ട്ടോ കാവലി, വെഷ്‌സസ്‌ തുടങ്ങിയ ഏജന്‍സികള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. പ്രശസ്‌ത ഫാഷന്‍ ഫോട്ടോഗ്രാഫറായ ഹെല്‍മുട്ട്‌ ന്യൂട്ടന്റെ ഇഷ്ടമോഡലായിരുന്നു പദ്‌മ. പതിനാലാം വയസ്സിലെ അപകടത്തിന്റെ ശേഷിപ്പായ കൈയിലെ വലിയ മുറിപ്പാട്‌ മറയ്‌ക്കാതെയാണ്‌ ന്യൂട്ടന്‍ തന്റെ മോഡലിനെ പകര്‍ത്തിയിരുന്നത്‌.

കോസ്‌മോപോളിറ്റന്‍, വോഗ്‌, എല്‍ ഒഫീഷ്യല്‍ ഇന്ത്യ, യു, ഷൂ, ഹാര്‍പേര്‍സ്‌ ബസാര്‍, ന്യൂസ്‌വീക്ക്‌, ഏഷ്യന്‍ വുമന്‍, അവന്യൂ, ഇന്‍ഡസ്‌ട്രി തുടങ്ങി ഒട്ടേറെ മാസികകളുടെ മുഖചിത്രമായി പദ്‌മ പ്രത്യക്ഷപ്പെട്ടു. സിനിമ, ടെലിവിഷന്‍ രംഗത്തും പദ്‌മയ്‌ക്ക്‌ തന്റേതായ സ്ഥാനമുണ്ട്‌. 2001ല്‍ അമേരിക്കന്‍ കോമഡി ചിത്രമായ ഗ്ലിറ്ററില്‍ സില്‍ക്ക്‌ എന്ന ഡിസ്‌കോ ഗായികയുടെ വേഷമിട്ട്‌ പദ്‌മ രംഗത്തെത്തി. 2003ല്‍ ഹിന്ദി ചിത്രമായ ബൂമില്‍ ഷീല ബാര്‍ഡെസെന്ന കഥാപാത്രമായി അഭിനയിച്ചു. വജ്രങ്ങള്‍ മോഷ്ടിക്കുന്ന മൂന്ന സൂപ്പര്‍മോഡലുകളില്‍ ഒരാളായിരുന്നു പദ്‌മയുടെ കഥാപാത്രം. 2005ല്‍ പുറത്തുവന്ന ഐശ്വര്യ റായി ചിത്രം മിസ്‌ട്രസ്‌ ഓഫ്‌ സ്‌പൈസസിലാണ്‌ അവര്‍ ഒടുവില്‍ അഭിനയിച്ചത്‌. ദീപ മേത്തയുടെ പുതിയ ചിത്രം കാമഗാഥ മാരുവിലും പദ്‌മ സ്‌ക്രീനിലെത്തും.

നിരവധി ഡോക്യുമെന്ററികളിലും ടെലിവിഷന്‍ പരമ്പരകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള പദ്‌മ പ്രശസ്‌ത പാചക റിയാലിറ്റി ഷോയായ ടോപ്‌ ഷെഫിന്റെ അവതാരകയുമായിരുന്നു.മികച്ച ലോക പാചക ഗ്രന്ഥ പുരസ്‌കാരത്തിനര്‍ഹമായ ഈസി എക്‌സോട്ടിക്കാണ്‌ പദ്‌മയുടെ ആദ്യ ഗ്രന്ഥം. വേറെയും പാചക ഗ്രന്ഥങ്ങള്‍ പദ്‌മയുടേതായിട്ടുണ്ട്‌.

Tuesday, April 15, 2008

മീരയുടെ നായിക

സരിത കാതറിന്‍ ലൂയിസ്‌ ചൗധരി എന്ന സരിത ചൗധരിയെ ഇന്ത്യന്‍ ചലച്ചിത്ര പ്രേമികള്‍ അടുത്തറിയുക മീര നായരുടെ ഇഷ്ട നായിക എന്ന നിലയിലാകും. മീരയുടെ ആദ്യ സിനിമ മിസ്സിസിപ്പി മസാലയില്‍ ഡെന്‍സല്‍ വാഷിങ്‌ടണിന്റെ നായികയായെത്തിയ സരിത കാമത്തിന്റെയും പകയുടെയും കഥപറഞ്ഞ കാമസൂത്രയില്‍ താരയെന്ന രാജകുമാരിയായി പ്രേക്ഷകരുടെ മനംകവര്‍ന്നു.ഇതിനിടെ പെരസ്‌ ഫാമിലിയെന്ന മീര നായര്‍ സിനിമയിലും സരിത വേഷമിട്ടു. മിസ്സിസിപ്പി മസാലയും കാമസൂത്രയും അന്താരാഷ്ട്ര തലത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ടപ്പോള്‍ സമാന്തര സിനിമയിലെ നായികയെന്ന നിലയ്‌ക്ക്‌ സരിതയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.
എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ സരിതയ്‌ക്ക്‌ കുറേക്കൂടി വിശാലമായ മേല്‍വിലാസമുണ്ട്‌. ഡേവിഡ്‌ അറ്റ്‌വുഡിന്റെ വൈല്‍ഡ്‌ വെസ്റ്റിലെ പാകിസ്‌താന്‍കാരിയായ പോപ്‌ഗായിക, ഷൂലീ ചാങ്ങിന്റെ ഫ്രെഷ്‌ കില്ലിലെ സ്വവര്‍ഗാനുരാഗിയായ അമ്മ, സ്‌പൈക്ക്‌ ലീയുടെ ഷി ഹേറ്റ്‌ മിയിലെ കന്യകയായ സ്വവര്‍ഗാനുരാകി തുടങ്ങി ശ്രദ്ധേയമായ കഥാപാത്രങ്ങളും പോള്‍ ക്വിന്നിന്റെ ഗുഡ്‌ ഓള്‍ഡ്‌ ബോയ്‌, ഗിഫിന്‍ ഡ്യൂണിന്റെ ദ ആക്‌സിഡന്റല്‍ ഹസ്‌ബന്‍ഡ്‌, ജെഫ്രി സ്റ്റാന്‍ലിയുടെ ലേഡി ഇന്‍ എ ബോക്‌സ്‌, മനോജ്‌ നൈറ്റ്‌ ശ്യാമളന്റെ ലോഡി ഇന്‍ ദ വാട്ടര്‍, സോന ജയിന്റെ ഫോര്‍ റിയല്‍,ജോസഫ്‌ കാസ്റ്റലോയുടെ ദ വാര്‍ വിത്തിന്‍,ലിയനാര്‍ഡോ റികാഗ്നിയുടെ ഇന്‍ഡോക്യുമെന്റഡോസ്‌, വിന്‍സന്റ്‌ റൂബിനോയുടെ ദ ബ്രേക്കപ്പ്‌ ആര്‍ട്ടിസ്റ്റ്‌ തുടങ്ങിയ സിനിമകളിലെ പ്രകടനവും സരിതയെ ഹോളിവുഡിലെ ഇന്ത്യന്‍ വംശജരായ അഭിനേതാക്കളില്‍ വേറിട്ടുനിര്‍ത്തുന്നു. ടെലിവിഷനിലും സരിതയുടേതായി ഒട്ടേറെ കഥാപാത്രങ്ങളുണ്ട്‌.

അച്ഛന്‍ വഴിയാണ്‌ സരിത ചൗധരിയുടെ ഇന്ത്യന്‍ ബന്ധം. ശാസ്‌ത്രജ്ഞനായ പ്രഭാസ്‌ ചന്ദ്ര ചൗധരിയാണ്‌ അച്ഛന്‍.ബംഗാളിയായ പ്രഭാസിന്റെയും ബ്രിട്ടീഷുകാരിയായ ജൂലിയ പട്രീഷ്യ സ്‌പ്രിങ്ങിന്റെയും മകളാണ്‌ സരിത. 1966 ആഗസ്‌ത്‌ 18ന്‌ ലണ്ടനിലെ ബ്ലാക്ക്‌ഹീതില്‍ ജനനം. ജമൈക്കയിലാണ്‌ സരിതയുടെ മാതാപിതാക്കള്‍ കണ്ടുമുട്ടിയതും വിവാഹിതരായതും.സരിതയ്‌ക്ക്‌ എട്ടുവയസ്സാകുന്നതുവരെ കുടുംബം ജമൈക്കയില്‍ തുടര്‍ന്നു. പിന്നീട്‌ രണ്ടു വര്‍ഷം മെക്‌സിക്കോയില്‍. തിരികെ ജമൈക്കയിലേക്ക്‌. സരിത പതിനൊന്നുവയസ്സെത്തിയപ്പോള്‍ കുടുംബം ഇറ്റലിയിലേക്ക്‌ മാറി. ഇറ്റലിയില്‍ താമസിക്കുമ്പോളാണ്‌ സരിത കാനഡയിലെ ഒന്റാറിയോയിലെ ക്വീന്‍സ്‌ സര്‍വകലാശാലയില്‍ ചേരുന്നത്‌.സാമ്പത്തികശാസ്‌ത്രത്തിലും സിനിമയിലും ബിരുദം നേടിയിട്ടുണ്ട്‌ സരിത.

സരിത അക്കാദമിക്‌ തലങ്ങളില്‍ മുന്നേറമെന്നായിരുന്നു അച്ഛനമ്മമാരുടെ ആഗ്രഹം. എന്നാല്‍ ചെറുപ്പം മുതല്‍ക്കെ നൃത്തത്തെയും അഭിനയത്തെയും സ്‌നേഹിച്ചിരുന്ന സരിത നടിയാകണമെന്ന്‌ ആഗ്രഹിച്ചു. പതിനാറുവയസ്സായപ്പോഴേക്കും അഭിനയം സരിതയെ ഗൗരവമായി പിടികൂടി. ഒന്റാറിയോയില്‍ അഭിനയം പഠിക്കണമെന്നുണ്ടായിരുന്നെങ്കിലും വീട്ടില്‍ അതിന്‌ പിന്തുണ കിട്ടില്ലെന്ന്‌ അറിയാമായിരുന്നതിനാല്‍ തുടക്കത്തില്‍ തന്റെ ആഗ്രഹം സരിതയ്‌ക്ക്‌ അടക്കിവെക്കേണ്ടിവന്നു. സാമ്പത്തികശസ്‌ത്രം ബിരുദത്തിനുചേര്‍ന്ന സരിത രണ്ടാംവര്‍ഷമെത്തിയപ്പോള്‍ സര്‍വകലാശാലയിലെ നാടകവകുപ്പില്‍ അഭിനയം പഠിക്കാനും ചേര്‍ന്നു. അഭിനയബിരുദത്തിന്‌ ചേര്‍ന്ന ശേഷം മാത്രമാണ്‌ അക്കാര്യം വീട്ടിലറിയിച്ചത്‌. സാമ്പത്തിക ശാസ്‌ത്രപഠനം തുടര്‍ന്നാല്‍ അഭിനയപഠനം അനുവദിക്കാമെന്ന്‌ സരിതയ്‌ക്ക്‌ വീട്ടുകാരുടെ ഉപദേശം കിട്ടി. രണ്ടു പഠനവും ഒരുമിച്ച്‌ കൊണ്ടുപോകാന്‍ സരിത തീരുമാനിച്ചു.

അഭിനയപഠനം പൂര്‍ത്തിയാക്കിയ സരിതയ്‌ക്ക്‌ മിസ്സിസിപ്പി മസാല മികച്ച തുടക്കമാണ്‌ നല്‍കിയത്‌. ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളില്‍ മിസ്സിസിപ്പി മസാലയെത്തി. അതുവഴി സരിതയ്‌ക്ക്‌ പെട്ടെന്ന്‌ ചലച്ചിത്രമേഖലയില്‍ ശ്രദ്ധനേടാനുമായി. മീര നായരുടെ സിനിമാ വീക്ഷണവും അവരുടെ അര്‍പ്പണമനോഭാവവും സരിതയെ ഏറെ ആകര്‍ഷിച്ചു. കാമസൂത്രയെന്ന സിനിമയില്‍ ഒട്ടേറെ രംഗങ്ങളില്‍ സരിത നഗ്നയായി അഭിനയിച്ചു. സംവിധായികയിലുള്ള വിശ്വാസവും സിനിമയുടെ ദൃശ്യപരമായ സവിശേഷതകളുമാണ്‌ താരയെന്ന കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന്‌ സരിത പറയുന്നു.

ഒട്ടേറെ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സരിതയ്‌ക്ക്‌ കിട്ടിയ ഭാഗ്യം മറ്റ്‌ ഇന്ത്യന്‍ വംശജരായ അഭിനേതാക്കളില്‍ പലര്‍ക്കും അവകാശപ്പെടാനാവില്ല. മറ്റുപലരും ഇന്ത്യന്‍ വംശജരായ കഥാപാത്രങ്ങളില്‍ ഒതുങ്ങുമ്പോള്‍ സരിതയുടെ കഥാപാത്രങ്ങള്‍ക്ക്‌ ആഗോളസ്വഭാവമാണുള്ളത്‌. ദക്ഷിണേന്ത്യക്കാരിമുതല്‍ മെക്‌സിക്കോക്കാരിയും അറബ്‌ വംശജയും ബോസ്‌നിയക്കാരിയൊക്കെയായി അഭ്രപാളികളില്‍ സരിത പ്രത്യക്ഷപ്പെട്ടു. ഇന്ത്യന്‍ കഥാപാത്രങ്ങളില്‍ മാത്രമായി ഒതുങ്ങേണ്ടെന്ന തന്റെ തീരുമാനമാണ്‌ വിപുലമായ കഥാപാത്രങ്ങള്‍ക്ക്‌ വഴിയൊരുക്കിയതെന്ന്‌ അവര്‍ പറയുന്നു.

ചെറുപ്പത്തില്‍ത്തന്നെ വിവിധദേശക്കാരായ കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിവരുമെന്ന്‌ മനസില്‍കണ്ട സരിത കണ്ടുമുട്ടുന്നവരുടെയൊക്കെ ഭാവവാഹാദികള്‍ മനസ്സിലുറപ്പിക്കുമായിരുന്നു.

ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച്‌ പരിചയമില്ലെങ്കിലും ഹിന്ദി ചിത്രങ്ങളുടെ ആരാധികയാണ്‌ സരിത. മനിഷ കൊയ്‌രാളയെ ആരാധിക്കുന്ന സരിതയുടെ ഇഷ്ട ഹിന്ദി സിനിമകളിലൊന്ന്‌ മണി രത്‌നത്തിന്റെ ദില്‍ സെയാണ്‌.