ടൈറ്റാനിക് നായിക കേറ്റ് വിന്‍സ്ലെറ്റിന്റെയും തന്റെയും ജന്മദിനം ഒന്നുതന്നെയെന്നതുമാത്രമാണ് 2002വരെ ഹോളിവുഡില്‍ പര്‍മീന്ദര്‍ നാഗ്രയ്‌ക്ക് അവകാശപ്പെടാനുണ്ടായിരുന്നത്. എന്നാല്‍ ഗുരീന്ദര്‍ ചദ്ദയുടെ ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം നാഗ്രയുടെ ജാതകം അപ്പാടെ തിരുത്തിയെഴുതി. ബ്രീട്ടീഷ് സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷനുണ്ടാക്കിയ കോമഡിയായി ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം മാറി. അതോടെ നാഗ്ര വെള്ളിത്തിരയുടെ ഇഷ്ട നായികയായി. ടാബ്ലോയിഡുകളുടെയും ലോകമെമ്പാടുമുള്ള മാസികകളുടെയും ഉള്ളടക്കത്തില്‍ പരാമീന്ദര്‍ നാഗ്രയെന്ന പഞ്ചാബുകാരി നിറഞ്ഞുനിന്നു.അപ്രശസ്‌തയായ നടിയെ നായികയാക്കി സിനിമയൊരുക്കുമ്പോള്‍ ഗുരീന്ദര്‍ ചദ്ദയും ഇത്ര വലിയ വിജയം സ്വപ്‌നം കണ്ടിരുന്നില്ല. എന്നാല്‍ ഡേവിഡ് ബെക്കാമിന്റെ ജനപ്രീതികൂടി കടംകൊണ്ട സിനിമ ബ്രിട്ടനും യൂറോപ്പും മറികടന്ന് അമേരിക്കയെയും കീഴടക്കി. അമേരിക്കയില്‍ വന്‍ ബോക്‌സ് ഓഫീസ് വിജയമായി മാറിയ ചിത്രം മാത്രം മൂന്നുകോടി ഡോളറാണ് കളക്ട് ചെയ്‌തത്.
ജസ്‌മീന്ദര്‍ ഭാംറയെന്ന പഞ്ചാബി യുവതിയാണ് ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാമിലെ നായിക. ഫുട്‌ബോളിലെ പ്രണയിക്കുന്ന ബെക്കാമിനെപ്പോലെ വളഞ്ഞുപുളഞ്ഞുപോകുന്ന ഫ്രീക്കിക്കുകള്‍ സ്വപ്‌നം കാണുന്ന പെണ്‍കുട്ടി. ഫുട്‌ബോള്‍ കളിക്കുന്നതിനെ നഖശിഖാന്തം എതിര്‍ക്കുന്നു ജെസിന്റെ വീട്ടുകാര്‍. അന്നോളം ഫുട്‌ബോള്‍ കളിച്ചിട്ടില്ലാത്ത നാഗ്രയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നു ജെസ്. സിമോണ്‍ ക്ലിഫോര്‍ഡിന്റെ ഫുട്‌ബോള്‍ പരിശീലനക്കളരിയില്‍ ചേര്‍ന്ന നാഗ്ര ചിത്രത്തിനായി പത്താഴ്‌ച കഠിന പരശീലനത്തിലേര്‍പ്പെട്ടു. അഞ്ചുപേര്‍ കളിക്കുന്ന ഫുട്‌സാലില്‍ ആയിരുന്നു പരിശാലനം. ഒരുദിവസം ഒമ്പതുമണിക്കൂറോളമാണ് നാഗ്ര പന്തിനൊപ്പം ചെലവഴിച്ചത്. തന്നേക്കാള്‍ പത്തുവയസ്സുകുറഞ്ഞ കഥാപാത്രമായി മാറാനും ഈ കഠിന പരിശ്രമം നാഗ്രയെ സഹായിച്ചു. ബെക്കാമിനെപ്പോലെ 'ബെന്‍ഡ് 'ചെയ്യുന്ന ഫ്രീക്കിക്കുകളെടുക്കാനും നാഗ്ര പഠിച്ചു. കഠിനാധ്വാനം നാഗ്രയെ വലിയ ഉയരങ്ങളിലെത്തിച്ചു. നിരൂപകര്‍ മുക്തകണ്‌ഠം പ്രശംസിച്ച നാഗ്ര ഫിഫയുടെ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ പേഴ്‌സണാലിറ്റ് ഓഫ് ദ ഇയര്‍ ബഹുമതിക്കും അര്‍ഹയായി. ആദ്യമായി ഈ ബഹുമതിക്കര്‍ഹയാകുന്ന വനിതയായിരുന്നു നാഗ്ര. ഒമ്പതോളം അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട നാഗ്ര സ്‌ത്രീ സിനിമകള്‍ക്കായുള്ള ബോര്‍ഡോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. ആദ്യ സിനിമയില്‍ത്തന്നെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ പ്രകടനത്തിന് മൂവിലൈന്‍ യങ് ഹോളിവുഡ് അവാര്‍ഡും നാഗ്ര നേടി.
അറുപതുകളില്‍ ബ്രിട്ടനിലെത്തിയ സിഖ് ദമ്പതിമാരുടെ മൂത്ത മകളായി ലണ്ടനിലെ ലസ്റ്ററില്‍ 1975 ഒക്ടോബര്‍ അഞ്ചിനാണ് നാഗ്രയുടെ ജനനം. ഫാക്ടറി തൊഴിലാളിയായിരുന്നു അച്ഛന്‍ സുഖ സിങ്. അമ്മ നഷൂതര്‍ മറ്റൊരു ഫാക്ടറിയിലെ പാക്കിങ് തൊഴിലാളിയായിരുന്നു. കുട്ടിക്കാലത്തുതന്നെ അച്ഛന്‍ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു. പിന്നീട് രണ്ടാനച്ഛന്റെ തണലില്‍ ബെല്‍ഗ്രേവിലെ ചെറിയവീട്ടിലാണ് നാഗ്ര വളര്‍ന്നത്. കുട്ടിക്കാലത്ത് വലിയൊരു അപകടത്തില്‍നിന്ന് നാഗ്ര രക്ഷപ്പെട്ടു. ഗ്യാസ് സ്റ്റൗവില്‍നിന്ന് പടര്‍ന്ന തീ വസ്‌ത്രങ്ങളിലേക്ക് പിടിച്ചു. കാലിന് പൊള്ളലേറ്റ നാഗ്രയെ കുളിമുറിയില്‍ എത്തിച്ച ബന്ധു ത്വക്കിനോട് പറ്റിച്ചേര്‍ന്ന തുണി വലിച്ചുപറിച്ചെടുത്തു. കാലില്‍ വലിയൊരു വ്രണമായി ഇതുമാറി. ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാമില്‍ നാഗ്രയുടെ കാലിലെ മുറിപ്പാട് കടന്നുവന്നപ്പോള്‍, കുട്ടിക്കാലത്തെ അപകടം ചദ്ദ അതില്‍ ഉള്‍പ്പെടുത്തി. ലെസ്റ്ററിലെ നോര്‍ത്ത്‌ഫീല്‍ഡ് സ്‌കൂളിലും സോര്‍ വാലി കോളേജിലുമായി വിഭ്യാഭ്യാസം പൂര്‍ത്തിയാക്കിയ നാഗ്ര പതിനാറാം വയസ്സില്‍ ലസ്റ്റര്‍ ഹേമാര്‍ക്കറ്റ് തീയറ്ററില്‍ പ്രേക്ഷകരെ ആനയിക്കുന്ന ജോലിക്കുചേര്‍ന്നു.ഏറെക്കാലം കഴിയും മുമ്പെ സ്‌കൂളിലെ നാടകാധ്യാപകനായിരുന്ന ജെസ് സിമണ്‍സ് ലസ്റ്ററിലെ ബ്രിട്ടീഷ് ഇന്ത്യന്‍ നാടക കമ്പനിയായ ഹാഥി പ്രൊഡക്ഷന്‍സില്‍ ചേരാന്‍ നാഗ്രയെ ക്ഷണിച്ചു. 1994ല്‍ ഹേമാര്‍ക്കറ്റ് തീയറ്ററില്‍ അരങ്ങേറിയ നിമായി എന്ന നാടകത്തില്‍ നാഗ്ര അരങ്ങേറി. ഗായക സംഘത്തിലെ അംഗമായി അഭിനയിക്കുന്നതിനാണ് നാഗ്രയെ സിമണ്‍സ് വിളിച്ചത്. എന്നാല്‍ റിഹേഴ്‌സല്‍ ഘട്ടത്തില്‍ തന്നെ നാഗ്രയിലെ അഭിനേത്രിയെ കണ്ടെത്തിയ സംവിധായകന്‍ അവര്‍ക്ക് നായികയുടെ വേഷം നല്‍കി. അഭിനയലോകതത്തേക്ക് തന്റെ വരവ് വളരെ ആകസ്‌മികമായിരുന്നുവെന്ന് നാഗ്ര പിന്നീട് പറഞ്ഞിട്ടുണ്ട്.
ലസ്റ്റര്‍ വിട്ട് ലണ്ടനിലേക്ക് ചേക്കേറിയ നാഗ്രയുടെ ലക്ഷ്യം അഭിനയരംഗത്ത് ഒരു ബിരുദം സമ്പാദിച്ച് പ്രൊഫഷണല്‍ ആക്ട്രസ് ആവുകയെന്നതായിരുന്നു. എന്നാല്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതമായിരുന്നു കാത്തിരുന്നത്. 1994ലെ ക്രിസ്‌മസ് കാലത്ത് സ്‌ട്രാറ്റ്‌ഫഡ് ഈസ്റ്റിലെ റോയല്‍ തീയറ്റര്‍ അവതരിപ്പിച്ച സ്ലീപ്പിങ് ബ്യൂട്ടിയിലെ രാജകുമാരിയുടെ വേഷമാണ് ലണ്ടനിലെ നാഗ്രയുടെ ആദ്യ നാടകം. താര ആര്‍ട്‌സ്, തമാശ തുടങ്ങിയ ഇന്ത്യന്‍ നാടകകമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിച്ച നാഗ്ര 1996ല്‍ ഫെയര്‍ ലേഡീസ് അറ്റ് എ ഗെയിം ഓഫ് പോയം കാര്‍ഡ്‌സ് എന്ന നാടകത്തില്‍ അഭിനയിച്ചു. ഐറിഷ് നടന്‍ കീറണ്‍ ക്രെഗനുമായുള്ള ബന്ധം ആരംഭിക്കുന്നത് ഇതിലൂടെയാണ്‌്. അഞ്ചുവര്‍ഷത്തോളം ഇവര്‍ ഒരുമിച്ചു താമസിച്ചു.സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അഭിനയ പഠനം സാധ്യമായില്ലെങ്കിലും പതുക്കെ നാഗ്രയുടെ ലോകം വലുതാവുകയായിരുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ പരമ്പരയായ കാഷ്വാലിറ്റിയിലൂടെ ടെലിവിഷന്‍ രംഗത്തും തന്റെ സാന്നിദ്ധ്യമറിയിക്കാന്‍ നാഗ്രയ്‌ക്കായി. 1997ല്‍ ഓ, സ്വീറ്റ് സീതയെന്ന നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് നാഗ്രയെ ഗുരീന്ദര്‍ ചദ്ദ ആദ്യമായി കാണുന്നത്. തന്റെ മനസ്സിലുള്ള സിനിമയിലെ നായികയെ അന്നേ അവര്‍ തിരഞ്ഞെടുത്തിരുന്നു.
1999ല്‍ കുമാര്‍സ് നമ്പര്‍ 42, ഗുഡ്‌നെസ് ഗ്രേഷ്യസ് മീ തുടങ്ങിയ പരമ്പരകളിലഭിനയിച്ച നാഗ്ര ടെലിവിഷന്‍ പരിപാടികളില്‍ സജീവമായി. നാടകങ്ങളിലും പരമ്പരകളിലുമായി കരിയര്‍ രൂപപ്പെടുത്തിവരുമ്പോഴാണ് ചദ്ദയുടെ വിളി. 2002ലെ ബോക്‌സ് ഓഫീസ് ഹിറ്റ് ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാമിലേക്ക്. തന്റെ ആദ്യ സിനിമയിലൂടെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്‌തയാകാന്‍ കഴിഞ്ഞുവെന്ന ഭാഗ്യമാണ് നാഗ്രയ്‌ക്ക് ലഭിച്ചത്‌്. ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാമിനുശേഷം നാഗ്രയുടെ കരിയര്‍ ഗ്രാഫ് കുത്തനെ മുകളിലേക്ക് ഉയര്‍ന്നു. എല്ല എന്‍ചാന്റഡ്, മിഷന്‍: സ്‌പേസ്, ഇന്‍ യുവര്‍ ഡ്രീംസ് തുടങ്ങി വരാനിരിക്കുന്ന ഫാളന്‍ ഹീറോ, മാരത്തോണ്‍ എന്നിങ്ങനെ നാഗ്രയുടെ സിനിമാ ലോകം വലുതായി.
ഇ.ആര്‍ എന്ന പ്രശസ്‌ത ടെലിവിഷന്‍ പരമ്പരയില്‍ ഡോ.നീല രസ്‌തോഗിയായി അഞ്ചുവര്‍ഷമായി നാഗ്ര ബ്രിട്ടീഷ് കാണികള്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്നു. പരമ്പരയിലെ പ്രകടനത്തിന് ഏഷ്യന്‍ എക്‌സലന്‍സ് അവാര്‍ഡിന് 2006ല്‍ ശുപാര്‍ശ ചെയ്യപ്പെട്ടു. 2007ല്‍ അവാര്‍ഡ് നാഗ്ര സ്വന്തമാക്കുകയും ചെയ്‌തു. 2007ല്‍ ലസ്റ്റര്‍ സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയും പര്‍മീന്ദര്‍ നാഗ്രയെ ആദരിച്ചു.
1 comments:
ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം എന്ന സിനിമയിലൂടെ ഹോളിവുഡ് കീഴടക്കിയ പര്‍മീന്ദര്‍ നാഗ്ര എന്ന പഞ്ചാബി സുന്ദരിയെക്കുറിച്ച്
Post a Comment